കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Monday, January 2, 2017

ശേഷം

ഗാഢവും മനോഹരവുമായ
ഒരു യാത്രയുടെ ഇരുപത്തിമൂന്നാം മണിക്കൂറിൽ
പുഴപ്പകയും പുലഭ്യങ്ങളും
വിണ്ടുകീറിയ തൊണ്ടയിൽനിന്ന് ആഞ്ഞുതുപ്പി
ശമനത്തിനൊരിറക്ക് വെള്ളം കൊതിച്ചു
ഉറങ്ങാൻ കിടന്നു
ഉണർന്നപ്പോൾ, ചുറ്റും
നട്ടുച്ചയിലേക്കു ചെറുതായ നിഴലുകളുടെ
ചുവന്ന ചങ്ങാതിക്കണ്ണുകളും
അവയുടെ നനവിലൂടെ ഏറെ മഴവില്ലുകളും കണ്ടു .
എന്നെ തനിച്ചുകിടത്തി
മണലിലൂടെ പുഴതിരഞ്ഞു പോകുന്ന
അർദ്ധനഗ്ന മേഘങ്ങളോട്
ഉറക്കെയുറക്കെപ്പറഞ്ഞു .....

അവിടെയെവിടെയോ ഒരു പാട്ട്
കെട്ടുപിണഞ്ഞു കിടപ്പുണ്ട് എന്നും ,
നനഞ്ഞും മണല്തരികളിൽ പൊതിഞ്ഞും
കുഞ്ഞിക്കാലുകൾ പൊട്ടിച്ചിരിക്കുന്നുണ്ടെന്നും ,
മരണത്തിലേക്ക് ജനിച്ചവരുടെ
പിറന്നാളാഘോഷത്തിന്റെ ജലമേളകളുണ്ടെന്നും ,
നേരിയ തിരയിളക്കത്തിനിടയിൽ
കരയറിയാതെ, കാമുകിയുമൊത്തൊളിപ്പിച്ച
പ്രണയത്തിന്റെ കുരുത്തക്കേടുകളുണ്ടെന്നും ,
അമ്മപറഞ്ഞ ആഴമില്ലാത്തിടത്തു ഞാൻ
നനഞ്ഞുവിറച്ചു ചിരിയോടെ നിൽപ്പുണ്ടെന്നും ,
.........
ഉറക്കെപ്പറഞ്ഞെങ്കിലും
പുഴ തിരഞ്ഞിറങ്ങിയവരുടെ
നിഴലുകളിൽ തട്ടി, അവ
പടിഞ്ഞാട്ടു പറന്നുനകിപ്പോയി .

അസ്ഥികളിൽ അങ്ങിപ്പോകുന്ന
വർണ ശബ്ദ ഗന്ധ ഘോഷങ്ങൾ
മണലിലേക്കു നീട്ടിയിട്ടു
ഒരു പാട്ട് കാതോർത്ത് ഞാൻ കിടന്നു .


എങ്കിലും ...

പാട്ടിന്റെ പേമാരിയിൽ കുതിർന്ന അടിവയറിൽ
നനവിന്റെ ഗർഭം താങ്ങി , പുഴ
ചരിഞ്ഞുകിടന്നു മയങ്ങുന്നതും ,

പൂത്തുലഞ്ഞ മണൽ നിരനൊവോടെ കണ്ണീറ താണ്ടി പരന്ന്
താഴ്വാരമാകുന്നതും ,

മരിച്ചവരുടെ സ്വപ്‌നങ്ങൾ
പൂമ്പാറ്റകളായ് വട്ടമിട്ടു പറക്കുന്നതും ,

ഒരു തീവണ്ടിയൊച്ച
കാത്തുവിട്ടകലുന്നതിനു തൊട്ടുമുൻപ്

പിറവിയുണ്ടാകുന്നതും ,

പ്രളയത്തിന്റെ
പ്രണയപ്പെരുക്കങ്ങളിൽ
ഇരുകരകൾ കെട്ടുപിണയുന്നതും
ഓള ത്തലപ്പു നിറയെ
പാട്ടുപിടയുന്നതും, പൂക്കുന്നതും
കൊതിയോടെ കാത്തു

അസ്ഥി പൂത്ത ആകാശഗന്ധത്തിനു താഴെ
പടിഞ്ഞാറേ കടവിലെ വേലിപ്പടർപ്പിൽ
ഞാൻ നട്ട ഒരു ചെമ്പരത്തിയുണ്ട്
പുഴക്കൊതിയോടെ, പാട്ടോടെ
ഒരു ചെമ്പരത്തി ക്കണ്ണുണ്ട് .

No comments:

Post a Comment